ഡൽഹി: ബോക്സിങ് താരം വിജേന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്തെത്തി ഇദ്ദേഹം അംഗത്വം സ്വീകരിച്ചു. ഇത്തവണ മഥുരയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കർഷക സമരത്തെയും ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തെയും ഇദ്ദേഹം പിന്തുണച്ചിരുന്നു. ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ വിജേന്ദർ സിങ് 2008ലെ ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ ബോക്സർ ഈ നേട്ടം സ്വന്തമാക്കുന്നത്. 2010 ഏഷ്യൻ ഗെയിംസിൽ സ്വർണമണിഞ്ഞ വിജേന്ദർ 2006, 2010 വർഷങ്ങളിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും കരസ്ഥമാക്കി. 2009ലെ ലോക ചാമ്പ്യൻഷിപ്പിലും 2010ലെ കോമൺവെൽത്ത് ഗെയിംസിലും വെങ്കലം നേടി. 2009ൽ ‘രാജീവ് ഗാന്ധി ഖേൽ രത്‌ന’ അവാർഡും 2010ൽ പത്മശ്രീയും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.