തിരുവനന്തപുരം : പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന നടത്തിയ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരുടെ വോട്ടിനു വേണ്ടിയാണ് ഇത്തരം നീചമായ പ്രസ്താവന നടത്തുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ആന്റോയുടെ പാക് അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്‌നേഹികൾ വോട്ടിലൂടെ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്ന പറഞ്ഞ ആന്റോ രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തത്. ആരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ആന്റോ പറയണം. ഇന്ത്യൻ സൈന്യം ആവർത്തിച്ച് വ്യക്തമാക്കിയ വിഷയത്തിലാണ് നാല് വോട്ടിന് വേണ്ടി പത്തനംതിട്ട എംപിയുടെ വക്രീകരണം. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ അവഹേളിക്കുകയും സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്യുകയുമാണ് എം പി ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നാണ് ആന്റോ ആന്റണി ആരോപണം ഉന്നയിച്ചത്.പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്ത് പങ്കെന്നായിരുന്നു ആന്റോ ആന്റണയുടെ ചോദ്യം. തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി എന്തും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി.