തിരുവനന്തപുരം: പുനഃസംഘടനയും ഉപതെരഞ്ഞെടുപ്പും അജണ്ടയാക്കി കെ.പി.സി.സി അടിയന്തര വിശാല നേതൃയോഗം ഇന്ന് ചേരും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ചർച്ചയാകും. കടുത്ത അതൃപ്തിയുള്ള കെ.മുരളീധരന് പറയാനുള്ള കാര്യങ്ങൾ യോഗം കേൾക്കും. വൈകീട്ട് അഞ്ചരയ്ക്ക് യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെയും എം.പിമാരുടെയും സംയുക്ത യോഗവും നടക്കും. വരാനിരിക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ചർച്ചയാകും. സംഘടനാ ദൗർബല്യങ്ങൾക്ക് പരിഹാരം കാണൽ ലക്ഷ്യമിട്ടാണ് പുനഃസംഘടന നടത്താൻ കെ.പി.സി.സി ആലോചിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെയും ചുരുക്കം ഭാരവാഹികളെയും നിലനിർത്തിയാവും പുതിയ പട്ടിക തയ്യാറാക്കുക. കെ.പി.സി.സി ഭാരവാഹികളിൽ നിഷ്ടക്രിയരായവരെ ആദ്യം മാറ്റും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയിലും മാറ്റം കൊണ്ടുവരും. ഇത് കൂടാതെ പ്രവർത്തനം മോശമായ ഡി.സി.സി പ്രസിഡന്റുമാരെയും മാറ്റാൻ ഒരുങ്ങുന്നുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വെയ്പ്പ് നടന്നെന്ന ആരോപണം കേൾക്കുന്ന ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിലും അഴിച്ചുപണിയുണ്ടാകും.