കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടനവുമായി സി.പി.എമ്മിനു ബന്ധമില്ലെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ. വിഷയം തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും അവർ പറഞ്ഞു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ കുന്നോത്ത്പറമ്പ് യൂനിറ്റ് ഡി.വൈ.എഫ്.ഐ സെക്രട്ടറി ഷിജാലാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
മറ്റൊന്നും ചർച്ച ചെയ്യാനില്ലാത്തതിനാലാണ് യു.ഡി.എഫ് പാനൂർ വിഷയം ഉന്നയിക്കുന്നതെന്ന് കെ.കെ ശൈലജ വിമർശിച്ചു. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയതാണ്. സി.പി.എമ്മുമായി ബന്ധമില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. പ്രതി നേരത്തെ ഡി.വൈ.എഫ്.ഐ യൂനിറ്റ് ഭാരവാഹിയായിരിക്കാം. അക്കാര്യം എനിക്ക് അറിയില്ല. ഇതൊന്നും തെരഞ്ഞെടുപ്പിൽ ബാധിക്കില്ല. മറ്റൊരുപാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. തനിക്കു പൂർണ ആത്മവിശ്വാസമുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
പാനൂർ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവായ ഷിജാലിന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അറസ്റ്റിലായ അമൽ ബാബുവും ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്‌ഫോടനം പാനൂരിൽ സ്‌ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ ഷെറിൽ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.