പരവൂർ: ഓടകളിൽ മലിനജലവും മാലിന്യവും നിറഞ്ഞിട്ടും നടപടിയെടുക്കാതെ മുനിസിപ്പൽ അധികൃതർ. ശുചിമുറി മാലിന്യം പോലും ഓടയിലേക്ക് ഒഴുക്കിയിട്ടും അധികൃതർ കണ്ടമട്ടില്ല.
പരവൂർ-പൊഴിക്കര റോഡിലും തെക്കുംഭാഗം റോഡിലുമാണ് ഹോട്ടലുകളിലെയും കടകളിലെയും മലിനജലവും ശുചിമുറി മാലിന്യവും ഓടയിൽ ഒഴുക്കുന്നത്. ഇതോടെ ഡെങ്കിപ്പനി, കോളറ, വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങളുടെ ഭീഷണിയിലാണ് നാട്ടുകാർ. മാലിന്യമുക്ത നഗരസഭയെന്ന് അവകാശപ്പെടുന്ന പരവൂരിലാണ് സംഭവം.
ലോഡ്ജുകളിൽ നിന്ന് കുഴലുകൾ വഴിയാണ് മലിനജലം ഓടയിലേക്ക് ഒഴുക്കുന്നത്. ചുറ്റുപാടും മാലിന്യം തെറിപ്പിച്ച് കെട്ടിടങ്ങളുടെ ഒന്നാംനിലയിൽ നിന്നുവരെ താഴേക്ക് ഒഴുക്കുന്നുണ്ട്. ഇതുമൂലം ദുർഗന്ധം അസഹനീയമാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് പ്രവൃത്തി. മലിനജലം ഇറങ്ങി ഓടയുടെ വശങ്ങളിലെ കിണറുകൾ മലിനമാകുന്നു. ഹോട്ടലുകളുടെ ശുചിമുറി ടാങ്കും ഓടയോട് ചേർന്നാണ്. അതിദുർഗന്ധമുള്ള അവസ്ഥ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായിട്ടും അധികൃതർ അനങ്ങുന്നില്ല.