നിയയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത് . 28 ദിവസമാണ് സഭ സമ്മേളനം ഉണ്ടാവുക. ഇന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ് 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ഇതിനിടയിൽ ലോക കേരള സഭ നടക്കുന്ന ജൂൺ 13,14,15 തീയതികളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയതായി സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ ഇന്ന് അവതരിപ്പിക്കും.
ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൻറെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം ഇന്ന് സഭയിലേക്കെത്തുന്നത്. എന്നാൽ ആദ്യ ദിനം തന്നെ സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. ബാർകോഴയിൽ ആകും പ്രതിപക്ഷത്തിന്റെ പ്രമേയം. ആദ്യ ദിനം ആയതിനാൽ ഇന്ന് അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായിട്ടില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ ചോദ്യോത്തരവേളക്ക് ശേഷമാണ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ നിശ്ചയിച്ചിരിക്കുന്നത്. അതിന് ശേഷമാകും സീറോ അവർ. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് കൂട്ടാനുള്ള ബിൽ ഇന്ന് അവതരിപ്പിക്കും.