ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സിനിമയെടുക്കാനെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി. ലഖ്നൗവിലാണ് സംഭവം. ഹേമന്ത് കുമാർ റായ് എന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്. കേസിന് പിന്നാലെ സികന്ദർ ഖാൻ, സഞ്ജയ് സിംങ്, സബ്ബീർ ഖുറേഷി എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യൂട്യൂബിലേക്ക് പാട്ടുകൾ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുന്ന കമ്പനി നടത്തി വരികയായിരുന്ന ഹേമന്ത് 2023 സെപ്റ്റംബറിലാണ് പ്രതികളെ പരിചയപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും മോദിയെക്കുറിച്ച് സിനിമ ചെയ്യാനായി തങ്ങൾക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ഇവർ, ചിത്രം പൂർത്തിയാക്കാൻ ഇനി പത്ത് ദിവസം കൂടി വേണമെന്നും പറഞ്ഞു. പക്ഷെ ഈ ദിവസങ്ങളിലെ സിനിമയുടെ ഷൂട്ടിങ്ങിനായി ഒരു കോടി രൂപ ആവശ്യമാണെന്നും ഇവർ ഹേമന്തിനെ അറിയിച്ചു.