കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത്.
നടി കേസിൽ മെമ്മറി കാർഡ് രേഖാമൂലമുള്ള തെളിവാണ്. ഐടി ആക്ടും എവിഡൻസ് ആക്ടും പ്രകാരം രേഖകളിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തിയാൽ ആ തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകും. പലവട്ടം ഹാഷ് വാല്യു മാറിയ മെമ്മറി കാർഡിന് ആധികാരികതിയില്ലെന്ന് ദിലീപ് അടക്കമുള്ള പ്രതിഭാഗം വാദിച്ചാൽ അത് കോടതിയ്ക്ക് പരിഗണിക്കേണ്ടിവരും.
സുപ്രീം കോടതി നിർദ്ദേശ പ്രകാരം സെൻട്രൽ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ മെമ്മറി കാർഡിന്‍റെ ക്ലോൺഡ് കോപ്പി എടുത്തപ്പോഴാണ് ഹാഷ് വാല്യു മാറിയെന്ന് ആദ്യമായി കണ്ടെത്തിയത്. 2020 ജനുവരിയിൽ സംസ്ഥാന ഫോറൻസിക് വിഭാഗം വിചാരണ കോടതി ജഡ്ജിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് പൊലീസിന്‍റെ തുടരന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ, വിചാരണ നടപടികൾ തുടരുന്നതിനിടെ ഇതൊന്നും ഹൈക്കോടതിയെയോ, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയോ ജഡ്ജി അറിയിച്ചിരുന്നില്ല.