മലപ്പുറം: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നതെന്നാണ് വിവരം. ഇയാളുടെ പക്കൽ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം..മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കാനായി ബൈക്കില്‍ എത്തിയതായിരുന്നു മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവു. കാറിലെത്തിയ നാലംഗ സംഘം ഇയാളെ ആക്രമിച്ച് സ്വര്‍ണ്ണവുമായി സ്ഥലത്ത് നിന്ന് കടന്നു. മഞ്ചേരിയില്‍ സ്വര്‍ണ്ണം നല്‍കിയ ശേഷം ബൈക്കില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇയാള്‍. താനൂരില്‍ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം ആവശ്യമുണ്ടെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്‍റെ ഫോണ്‍ സന്ദേശമെത്തിയതായി റാവു പറയുന്നു. ഇത് പ്രകാരം ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കാറിലെത്തിയ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മര്‍ദിച്ച ശേഷം സ്വര്‍ണ്ണം കവരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.