ടെൽഅവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും ഹമാസ് മുന്നോട്ടുവെച്ച മൂന്നുഘട്ട പദ്ധതി തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. നിർണായക വിജയം മാസങ്ങൾ മാത്രം അകലെയാണെന്നും പൂർണ വിജയംവരെ യുദ്ധം നിർത്തില്ലെന്നും നെതന്യാഹൂ ജറൂസലമിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
‘ലക്ഷ്യം ഹമാസിനെതിരായ സമ്പൂർണ വിജയമാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് ലക്ഷ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഹമാസിനെ തകർക്കുക, ബന്ദികളെ മോചിപ്പിക്കുക, ഭാവിയിൽ ഒരിക്കലും ഗസ്സ ഇസ്രായേലിന് ഭീഷണിയാകാതിരിക്കുക. ഈ മൂന്ന് ലക്ഷ്യങ്ങളും കൈവരിക്കും. ഹമാസിന് മേലുള്ള സമ്പൂർണ വിജയംനേടലിന് മേൽ ഒരു ഇളവുമുണ്ടാകില്ല. ഒക്ടോബർ ഏഴ് ആവർത്തിക്കാതിരിക്കാൻ ഹമാസിന് മേൽ സമ്പൂർണ വിജയം വേണം’ -നെതന്യാഹു പറഞ്ഞു. യു.എൻ ഏജൻസികൾ വിതരണംചെയ്യുന്ന മാനുഷിക സഹായത്തിൽ ഭൂരിഭാഗവും ഹമാസ് കൈക്കലാക്കുകയാണെന്നും അത് തടയണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
മധ്യസ്ഥരായ അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവ മുന്നോട്ടുവെച്ച വെടിനിർത്തൽ പദ്ധതിക്ക് മറുപടിയായാണ് ഹമാസ് ബദൽ നിർദേശം വെച്ചത്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബുധനാഴ്ച ഇസ്രായേലിൽ എത്തിയിരുന്നു. നാലര മാസം നീളുന്ന വെടിനിർത്തൽ കാലയളവിനിടെ അവശേഷിക്കുന്ന മുഴുവൻ ബന്ദികളെയും കൈമാറുമെന്നതായിരുന്നു ഹമാസിന്റെ നിർദേശം. അവസാന ബന്ദിയെയും കൈമാറിയാൽ ഇസ്രായേൽ സൈന്യം പൂർണമായി ഗസ്സയിൽനിന്ന് പിന്മാറണം. ഇതിനുശേഷം ആക്രമണം ഉണ്ടാകില്ലെന്ന് മധ്യസ്ഥർക്കുപുറമെ അമേരിക്ക, തുർക്കിയ, റഷ്യ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഉറപ്പുനൽകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
45 ദിവസത്തെ ആദ്യ വെടിനിർത്തൽ ഘട്ടത്തിൽ സ്ത്രീകളും കുട്ടികളും വയോധികരും രോഗികളുമായ ബന്ദികളെ ഹമാസ് വിട്ടയക്കും. ഇതിനുപകരമായി 1500 ഫലസ്തീനി തടവുകാരെ ഇസ്രായേൽ മോചിപ്പിക്കണം. പ്രതിദിനം 500 ട്രക്ക് സഹായവസ്തുക്കളും ഇന്ധനവും ഗസ്സയിലുടനീളം എത്തിക്കണം. വീടുവിടേണ്ടിവന്ന ഫലസ്തീനികളെ തിരികെയെത്താൻ അനുവദിക്കുകയും സഞ്ചാര സ്വാതന്ത്ര്യം നൽകുകയും വേണം. 60,000 താൽക്കാലിക വസതികളും രണ്ടുലക്ഷം ടെന്റുകളും നിർമിക്കണം. മസ്ജിദുൽ അഖ്സയിൽ ജൂതകുടിയേറ്റക്കാരുടെ അതിക്രമം അവസാനിപ്പിക്കണം.
രണ്ടാംഘട്ടത്തിൽ മുഴുവൻ പുരുഷ ബന്ദികളെയും വിട്ടയക്കും. മൂന്നാംഘട്ടത്തിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതദേഹം വിട്ടുനൽകുമെന്നും ഹമാസിന്റെ നിർദേശത്തിൽ പറയുന്നു. ഈ നിർദേശങ്ങളെല്ലാം ഇസ്രായേൽ തള്ളി. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഖാൻ യൂനുസിൽ ബന്ദികളെ പാർപ്പിക്കാൻ ഉപയോഗിച്ച ടണൽ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. 24 മണിക്കൂറിനിടെ 123 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 27,708 ആയി. 67,147 പേർക്ക് പരിക്കേറ്റു.