പത്തനംതിട്ട: കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിൽ കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.