കൊച്ചി: റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കണ്‍സ്യൂമർഫെഡിന് ഹൈക്കോടതിയുടെ അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രചാരണവും പാടില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ചന്തകൾ ഉടൻ തുടങ്ങും. സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്ലെറ്റുകളിൽ റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർഫെഡിന് സിവിൽസപ്ലൈസ് വകുപ്പ് നിർദേശം നൽകി. ഇന്നുമുതൽ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന സാധനങ്ങൾ വിലക്കുറവിൽ കൺസ്യൂമർഫെഡ് ലഭ്യമാക്കും.അതേസമയം, റമദാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെയാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നു എന്ന് വാഗ്ദാനം നൽകി സർക്കാർ പ്രചാരവേല നടത്തുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.