കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളം കണ്ട ഏറ്റവും ജനകീയനായി നേതാവ് . ഏറ്റവും കൂടുതൽ ആളുകളുമായി സംവദിച്ച ജനനായകൻ. ഏറ്റവും കൂടുതൽ പൗര നിവേദനങ്ങളിൽ ഒപ്പിട്ട് താഴെത്തട്ടിലേക്ക് കൈമാറിയ മുഖ്യമന്ത്രി.
അനേകരുടെ ഇരുട്ടിനെ ഇല്ലാതാക്കുകയും സഞ്ചരിക്കുന്ന മെഴുകുതിരിയാകുകയുംചെയ്ത ഒരാള്‍… ഉമ്മൻചാണ്ടിക്ക് മാത്രം ചേരുന്നതാണ് ഈ വിശേഷണങ്ങൾ.
അധികാരത്തിനു എങ്ങനെ ആണ് ഇത്രയ്ക്ക് സൗമ്യമാവാൻ കഴിയുക? പ്രായം ചെല്ലുന്തോറും അത് കൂടുതൽ ആർദ്രമായി, മധുരമായി. ഇങ്ങനെ കാലുഷ്യമില്ലാതെ ചിരിക്കാനാവണമെങ്കിൽ, ക്ഷോഭിക്കാതെ, ഈർഷ്യയില്ലാതെ, തനിക്ക് നേരെ പാഞ്ഞു വന്ന കരിങ്കല്ലുകൾ നെറ്റിയിൽ പതിച്ച് ചോര വാർന്നപ്പോഴും സൗമ്യനായി പെരുമാറാനാവണമെങ്കിൽ സ്നേഹത്തിന്റെ വലിയ നീക്കിയിരിപ്പുതന്നെ അദ്ദേഹത്തിനുണ്ടായിരിക്കണം..
ചീകിയൊതുക്കാതെ അലസമായി കിടക്കുന്ന മുടി, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും അനുയായികൾ.. ഒറ്റനോട്ടത്തിൽ മലയാളിക്ക് ഇതാണ് ഉമ്മൻചാണ്ടി.ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ അടയാളം ചുറ്റുംവലയം തീർത്തിരുന്ന ആള്‍കൂട്ടങ്ങളായിരുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്.
അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവർക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതവിന് അലിയാന്‍ മനുഷ്യര്‍ മണ്‍തരികളായി. ജനിച്ചനാടിന്റെ ഓരോയിടത്തും അവര്‍ പരന്നുകിടന്നു. അതിന്റെ ആനന്ദമത്രയും അനുഭവിച്ച്..നിവര്‍ത്തിപ്പിടിച്ച ഹൃദയത്തില്‍ കൈയൊപ്പിട്ട് ഉമ്മന്‍ചാണ്ടി മനസ്സുകളിലേക്കലിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്. ചുരുക്കി പറഞ്ഞാൽ,ഉമ്മൻചാണ്ടി ജനസമ്പർക്കം നിർത്തിയിട്ട് ഇന്നേക്ക് ഒരു വർഷം.
ഞാന്‍ നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു’- ബൈബിൾ വാചകത്തെ അന്വര്‍ഥമാക്കി, തന്റെ ജനത്തെയും അനുയായികളെയും തനിച്ചാക്കി ജനനായകന്‍ മടങ്ങുകയായിരുന്നു . ചെയ്ത പ്രവൃത്തികള്‍ ഇവിടെ ബാക്കിയായി, അതിലെ നന്മകള്‍ ബാക്കിയായി, അങ്ങനെ ആ ജനതയുടെ മനസ്സില്‍ അനശ്വരനായി…; പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിക്ക് കേരളം വിട നൽകിയപ്പോൾ ജനസേവനത്തിനായി ഉഴിഞ്ഞു വച്ച ആ ജീവിതം കേരളത്തിന് നൽകിയത് ഒരു പിടി വികസന പദ്ധതികൾ കൂടിയാണ് . കേരളത്തെ വികസനപാതയിലേക്ക് അദ്ദേഹം അതിവേഗം നയിച്ചു. ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞു..
ദേശീയ തലത്തിലേക്ക് വരെ കോണ്‍ഗ്രസിന് പ്രയോജനപ്പെടുത്താന്‍ തക്ക സംഘടനാ വൈദഗ്ധ്യവും പ്രവർത്തന മികവും ഉണ്ടായിരുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ 1970 ല്‍ ഇരുപ്പത്തിയേഴാം വയസ്സില്‍ ആദ്യമായി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അന്ന് മുതല്‍ മരണം വരെ പുതുപ്പള്ളിക്കാരെ വിട്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഉമ്മന്‍ചാണ്ടി തയ്യാറായില്ല. അല്ലെങ്കില്‍ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ അനുവദിച്ചില്ലെന്നും പറയാം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കില്ലെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പുറത്ത് വന്നതോടെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ തടിച്ച് കൂടിയ ജനക്കൂട്ടം ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി പുതുപ്പള്ളിക്ക് എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പക്ഷെ ഇനി മറ്റാർക്കും തകർക്കാന്‍ കഴിയാത്ത നേട്ടങ്ങള്‍ കൂടി സ്വന്തം പേരില്‍ കുറിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി കടന്നുപോയത് . കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം എം എല്‍ എയായ വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണിയെ മറികടന്ന് 2022 ഓഗസ്റ്റ് 2 നാണ് ഈ നേട്ടം ഉമ്മന്‍ചാണ്ടി സ്വന്തം പേരില്‍ കുറിച്ചത്. 18728 ദിവസം എന്ന റെക്കോർഡാണ് അദ്ദേഹം പിന്നിട്ടത്.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ജനിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും പൂർത്തിയാക്കി.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് കെ എസ് യുവിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങിയ ഉമ്മന്‍ചാണ്ടി തുടക്കകാലത്ത് തന്നെ മികച്ച സംഘാടകനെന്ന നിലയില്‍ പേരെടുത്തു. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് പദവിയായിരുന്നു ഉമ്മന്‍ചാണ്ടിയെ തേടിയെത്തിയാ ആദ്യ സംഘടന പദവി. പിന്നീട് കെ എസ യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും കെ പി സി സി, എ ഐ സി സി ഭാരവാഹിയുമായി.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെയാണ് 1970 ലെ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനിക്കുന്നത്. 1957, 1960 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ച് മണ്ഡലമായിരുന്നെങ്കിലും 1967 ലെ തിരഞ്ഞെടുപ്പില്‍ ഇഎം ജോർജിലൂടെ മണ്ഡലം സി പി എം പിടിച്ചെടുത്തിരുന്നു.
70 ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി എതിരാളിയായി വന്നപ്പോഴും ഇഎം ജോർജ് വിജയം പ്രതീക്ഷിച്ചു. എന്നാല്‍ വോട്ട് എണ്ണിയപ്പോള്‍ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി ആദ്യമായി നിയമസഭയിലേക്ക്. പിന്നീട് 2021 വരെ ആ പതിവ് പുതുപ്പള്ളിക്കാരും ഉമ്മന്‍ചാണ്ടിയും ആവർത്തിച്ചു.
ആദ്യമായി മുഖ്യമന്ത്രി പദം തേടിയെത്തുന്നത് 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ്. പിന്നീട് 2011 ല്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു പേര് ഉയർന്ന് വന്നിരുന്നില്ല.
പാമോയില്‍ കേസ് കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയർന്ന പ്രധാന ആരോപണമായിരുന്നു സോളാർ അഴിമതി. സോളാർ അഴിമതിക്കേസിൽ ലൈംഗിക ആരോപണവും ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നിരുന്നു. 2013 ജൂണിൽ കേസില്‍ ചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. “തെറ്റുചെയ്തില്ലെങ്കില്‍ ആശങ്കവേണ്ടാ, അവസാനവിജയം നമുക്കായിരിക്കും. സത്യം ഓരോന്നായി പുറത്തുവരികയാണ്. ഇനിയും പലതും തെളിഞ്ഞുവരാനുണ്ട്. ചിലപ്പോള്‍ അത് എന്റെ കാലശേഷമായിരിക്കും. എന്തായാലും സത്യത്തെ സംശയത്തിന്റെ പുകമറയില്‍ എക്കാലവും ഒളിച്ചുവെക്കാനാവില്ല'” ‘കാലം സാക്ഷി’ എന്ന ആത്മകഥയില്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളായിരുന്നു ഇത്. അതും കാലം തെളിയിച്ചു. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ മുൻ മന്ത്രി ഗണേഷ് കുമാറിടപെട്ട് ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തതാണെന്ന് വെളിപ്പെടുത്തലും പുറത്ത് വന്നു. എല്ലാത്തിനും ഒടുവില്‍ സി ബി ഐ തന്നെ കേസില്‍ ഉമ്മന്‍ചാണ്ടി ക്ലീന്‍ ചിറ്റ് നല്‍കി. അങ്ങനെ എല്ലാ ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ് യാത്രയയപ്പോൾ കേരള ചരിത്രത്തിലെ ‘ഉമ്മന്‍ചാണ്ടി’ എന്ന അധ്യായത്തിനും വിരാമമായി.
ഏത് അർധരാത്രിയിലും പരാതി പറയാനെത്തുന്നവരെ കാണാൻ ഉമ്മൻചാണ്ടി ഉണ്ടാവില്ല . അവരുടെ പരിഭവങ്ങൾ കേൾക്കില്ല, പരാതികൾക്ക് പരിഹാരം കാണാൻ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ ഇനി ആ മനുഷ്യനില്ല. മറുതലയ്ക്കൽനിന്ന് ‘ഹലോ ഉമ്മൻചാണ്ടിയാണേ…’ എന്ന പരിചയപ്പെടുത്തലിൽ ഇനി ആ ഫോൺകോളുകളും എത്തില്ല. ഒരുപക്ഷേ, ഉമ്മന്‍ചാണ്ടി പിന്നില്‍നിന്നുനയിച്ച ഏറ്റവുംവലിയ പദയാത്ര അദ്ദേഹത്തിന്റെ വിലാപയാത്രയായിരിക്കണം. ഒരുപാടുനേരമായി കാത്തിരുന്നവര്‍ക്കു നടുവിലേക്ക് ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ ജനകീയമായ ഒരു മുദ്രാവാക്യം പോലെ ഉമ്മൻചാണ്ടി വന്നു . തന്റെ പിന്നാലെ വരുന്ന ജനസാഗരങ്ങളെ തനിച്ചാക്കി ഉമ്മൻചാണ്ടി മടങ്ങിയിട്ടും പുതുപ്പള്ളിയിലെ വീട്ടിൽ ഇപ്പോഴും തുറന്നിട്ടുണ്ട് സങ്കടങ്ങൾ കേട്ടുകൊണ്ടിരുന്ന ആ ജനവാതിൽ.ഇപ്പോഴും അദ്ദേഹത്തെ കാത്ത്..