മലപ്പുറം: ചാലിയാര്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം കണ്ടെത്തി. ചാലിയാറിൽ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയിൽ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. വാഴക്കാട് പൊലീസിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെ പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. മേൽവസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നുണ്ട്.
പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തിയിരുന്നു. പെൺകുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെൺകുട്ടിയുടെ സഹോദരി പറയുന്നു. മൃതദേഹത്തിൽ മേൽവസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെൺകുട്ടിയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും രംഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തിയത്.