തിരുവനന്തപുരം: സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാട് കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരനായ ഷോൺ ജോര്‍ജ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖയിലാണ് അബുദാബിയിലെ ബാങ്ക് ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഷോണ്‍ നല്‍കിയത്. ഇപ്പോൾ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് ഷോണ്‍ ആരോപിച്ചത്
എക്‌സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി .വീണാ തൈക്കണ്ടിയില്‍, എം സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ശരാശരി 10 കോടി രൂപ വരെ ഈ അക്കൗണ്ടിൽ എപ്പോഴും ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് താൻ തെളിവുകൾ പുറത്തു വിടുന്നതെന്നും തെറ്റാണെന്ന് തെളിഞ്ഞാൽ മാനനഷ്ടത്തിന് കേസു കൊടുക്കാമെന്നും ഷോൺ പറഞ്ഞു.
എസ്എൻസി ലാവലിൻ, രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ പ്രൈസ്‍ വാട്ടർഹൗസ് കൂപ്പർ എന്നിവയിൽനിന്ന് എക്സാലോജിക്കിന്റെയും മീഡിയ സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ലാവ്‌ലിൻ ഉപകമ്പനികൾ കിഫ്ബി മസാല ബോണ്ട് വഴി 9.25% പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. 6% പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണ് ഇങ്ങനെ കൂട്ടി നൽകുന്നത്. ഇതിന്റെ വ്യത്യാസത്തിൽ വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവലിൻ നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടിട്ടുണ്ട് .#veena vijayan # cmrl #exalogic