ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ഇന്ത്യമുന്നണിക്ക് നേട്ടം…രാജസ്ഥാനിലും ഹരിയാനയിലും കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാകില്ല. പല സീറ്റുകളിലും സ്ഥാനാർഥി നിർണയം പാളി. ഹരിയാന, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സരം കടുപ്പമാകുമെന്നാണ് ബി.ജെ.പിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത്…ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അയോധ്യയിലെ രാമക്ഷേത്ര അജണ്ടകൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ് ലോക് നീതി നടത്തിയ പ്രീ-പോൾ സർവേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ മതേതരത്വ രാജ്യമായി നിലനിൽക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്.19 സംസ്ഥാനങ്ങളിൽ 100 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലാണ് സർവേ നടന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യയിലെ വോട്ടർമാരുടെ പ്രധാന ആശങ്കകൾ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുമാണെന്ന് സി.എസ്.ഡി.എസ് സർവേ ഫലം വ്യക്തമാക്കുന്നു.ഇന്ത്യയിൽ തൊഴിലില്ലായ്മയുണ്ടെന്ന് അഭിപ്രായപ്പെടുന്നത് 62ശതമാനമാണ്. പണപ്പെരുപ്പം വർധിച്ചുവെന്ന് 26 ശതമാനം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അഴിമതിയിൽ വർധനയുണ്ടായെന്ന് 55ശതമാനം അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം വർധിച്ചുവെന്ന് 48 ശതമാനം പറയുമ്പോൾ 35% തകർച്ച നേരിട്ടുവെന്ന് അഭിപ്രായപ്പെടുന്നു. രാമക്ഷേത്ര നിർമാണം ഹിന്ദുക്കളുടെ ഏകീകരണത്തിന് സഹായിച്ചുവെന്ന് 48ശതമാനം അഭിപ്രായപ്പെടുമ്പോഴും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിപക്ഷം. സർവേയിൽ ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമാണോ എന്ന ചോദ്യത്തിന് അല്ല എന്ന് പ്രതികരിച്ചത് 79 ശതമാനമാണ്. അതിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും. എല്ലാ മതങ്ങളും തുല്യരാണെന്ന അവരുടെ മറുപടി മതേതര ഇന്ത്യക്ക് ശക്തി പകരുന്നുണ്ട്.11 ശതമാനം ഹിന്ദുക്കൾ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് കരുതുന്നത്. 81ശതമാനം യുവാക്കളും മതപരമായ ബഹുസ്വരയിൽ വിശ്വസിക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 83ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നുള്ളത് മതേതരത്വ ആശയങ്ങൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.