തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സർക്കാരിന്റെ ശുപാർശപ്പട്ടിക പൂർണമായി തള്ളിക്കളഞ്ഞ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 17 പ്രതിനിധികളെ നാമനിർദ്ദേശം ചെയ്തു. മുൻകാലങ്ങളിൽ സർക്കാരിന്റെ ശുപാർശ സ്വീകരിച്ചായിരുന്നു നാമനിർദ്ദേശം നടത്തിയിരുന്നതെങ്കിൽ ഇത്തവണ സ്വന്തം നിലയിലാണ്.
നാമനിർദ്ദേശം ചെയ്യപ്പെട്ടവർ: ശ്യാംലാൽ, ഒ.ബി.കവിത (ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ), പി.എസ്. ഗോപകുമാർ, എസ്.മിനി വേണുഗോപാൽ (സ്കൂൾ അദ്ധ്യാപകർ), ഡോ.വിനോദ് കുമാർ ടി.ജി നായർ (ശാസ്ത്രജ്ഞൻ), ജി.സജികുമാർ (സാംസ്കാരിക സംഘടന), എസ്.എൻ. രഘുചന്ദ്രൻ നായർ (ചേംബർ ഒഫ് കോമേഴ്സ്), എം.എസ്.ഫൈസൽ ഖാൻ (വ്യവസായം), ആർ.ശ്രീപ്രസാദ് (എഴുത്തുകാരൻ), പി.ശ്രീകുമാർ (ജേർണലിസ്റ്റ്), വി.കെ.മഞ്ജു (അഭിഭാഷക), ഡോ.എസ്.ആർ.ദിവ്യ (സ്പോർട്സ്), ആർ.പോൾരാജ് (ഭാഷാ ന്യൂനപക്ഷം), അഭിഷേക് ഡി.നായർ, എസ്.എൽ.ധ്രുവിൻ, സുധി സദൻ, മാളവിക ഉദയൻ (വിദ്യാർത്ഥി പ്രതിനിധികൾ).
കേരളയിലെ താത്കാലിക വി.സി ഡോ.മോഹനൻ കുന്നുമ്മേൽ വഴി സർക്കാർ കൈമാറിയ പാനലാണ് ഗവർണർ നിരസിച്ചത്. കാലിക്കറ്റ് വാഴ്സിറ്റിയിൽ സർക്കാർ നൽകിയ പാനലിൽ നിന്ന് 2പേരെ മാത്രമാണ് ഗവർണർ അംഗീകരിച്ചത്. അതേസമയം, ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ നിന്നാണ് കേരളയിൽ നാമനിർദ്ദേശം നടത്തിയതെന്ന് വിമർശനം ഉയർന്നു.
ഗവർണറുടെ നാമനിർദ്ദേശത്തിലൂടെ കേരള സിൻഡിക്കേറ്റിലേക്ക് 2 പേരെ വിജയിപ്പിക്കാൻ ബി.ജെ.പിക്ക് കഴിയും. ഇതുവരെ കേരളയിൽ ബി.ജെ.പിയുടെ സിൻഡിക്കേറ്റംഗങ്ങളുണ്ടായിട്ടില്ല. ജന്മഭൂമിയുടെ ന്യൂസ് എഡിറ്ററാണ് ജേർണലിസ്റ്റ് ക്വോട്ടയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ശ്രീകുമാർ. കേരള സെനറ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായിട്ട് 6 മാസമായെങ്കിലും ഗവർണറുടെ നാമനിർദ്ദേശം വൈകിയതുമൂലം സിൻഡിക്കേറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
കാലിക്കറ്റിലും ബി.ജെ.പിയുടെ ഒരു സിൻഡിക്കേറ്റംഗം തിരഞ്ഞെടുക്കപ്പെടും. ഇവിടെ സർക്കാരിന്റെ ലിസ്റ്റിലുണ്ടായിരുന്ന ദേശാഭിമാനി ന്യൂസ് എഡിറ്ററുടെ പേര് ഗവർണർ തള്ളിയിരുന്നു. കേരള, കണ്ണൂർ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടനുണ്ടാവും.