കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബി(19)നായി പ്രാർഥനയോടെ കുടുംബാംഗങ്ങളും നാട്ടുകാരും. അപകടവിവരമറിഞ്ഞതുമുതൽ ആനച്ചാലിലെ അറയ്ക്കൽ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും എത്തുന്നു. അവർ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു. ആൽബിൻ്റെ പിതാവും ആനച്ചാലിലെ ട്രക്കിങ് ജീപ്പ് ഡ്രൈവറുമായ ഷിൻ്റോയും എല്ലക്കൽ എൽ.പി.സ്‌കൂളിലെ അധ്യാപികയായ മാതാവ് റീനയും സഹോദരി ആഡ്രിയയും ആൽബിൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. ഡീൻ കുര്യാക്കോസ് എം.പി.യുടെ അഭ്യർഥനയെത്തുടർന്ന് വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കർ നടത്തിയ ഇടപെടലുകൾ തിരച്ചിലിന് വേഗം കൂട്ടും എന്നാണ് പ്രതീക്ഷ. പ്ലസ്‌ടുവിനുശേഷം അഞ്ചുമാസംമുൻപ് അയൽക്കാരോടും സുഹൃത്തുക്കളോടും യാത്രപറഞ്ഞ് ഉപരിപഠനത്തിനായി പോയ ആൽബിൻ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. ആൽബിന്റെ കോളേജിന് ഒരുമാസമായി അവധിയായിരുന്നു അവധിദിവസം നാല് കൂട്ടുകാരുമൊത്ത് കോളേജിന് സമീപത്തെ തടാകത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം. തടാകത്തിൽ പെട്ടെന്നുണ്ടായ ചുഴിയിൽ ആൽബിൻ പെടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് പറഞ്ഞത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് ആൽബിൻ ലാത്വിയയിലുള്ള സുഹൃത്തുക്കൾ ആനച്ചാലിലെ വീട്ടിലേക്ക് അപകടവിവരം അറിയിച്ചത്.