അന്ന് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് ചെയ്തത് തെറ്റാണെന്ന് തുറന്നുപറയാൻ ഐ.സി.സി അമ്പയർ മറൈസ് എറാസ്മസിന് വിരമിക്കേണ്ടി വന്നു. 2019 ലോകകപ്പ് കിവികളിൽ നിന്നും തട്ടിയെടുത്തത് അമ്പയർമാരുടെ തെറ്റായ തീരുമാനമായിരുന്നു. ലോകകപ്പ് കലാശപ്പോരിലെ അവസാന ഓവർ. മൂന്നുപന്തിൽ നിന്നും ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത് 9 റൺസ്. ഇംഗ്ലീഷ് ബാറ്റർ ബെൻസ് സ്റ്റോക്സ് രണ്ടാം റണ്ണിനായി ഓടവേയാണ് അത് സംഭവിച്ചത്. ന്യൂസിലാൻഡ് ഫീൽഡർ മാർട്ടിൻ ഗപ്റ്റിൽ എറിഞ്ഞ പന്ത് ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിബൗണ്ടറിയിലേക്ക്. ബൗണ്ടറിയും ഓടിയെടുത്ത രണ്ട് റൺസും സഹിതം അമ്പയർമാർ ഇംഗ്ലണ്ടിന് അനുകൂലമായി നൽകിയത് 6 റൺസ്. ഈ ലോകം തങ്ങൾക്കെതിരെയാണെന്ന് ന്യൂസിലാൻഡ് ആരാധകർക്ക് തോന്നിയ നിമിഷം. അതോടെ ഇംഗ്ളണ്ടിെൻറ വിജയലക്ഷ്യം രണ്ട് പന്തിൽ വെറും 3റൺസായി ചുരുങ്ങി.