കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചതിനുപിന്നാലെ വയനാട് പയ്യമ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച അപകടകാരിയായ കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാലാണു നടപടി. പ്രദേശത്തേക്ക് കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാൽ വാക്കാലുള്ള നിർദേശമാണ് നിലവിൽ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിലെ ആശങ്കയ്ക്കു പരിഹാരം കാണുമെന്ന് വനം മന്ത്രി അറിയിച്ചു. ഏറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകളാണ് വയനാട്ടിൽനിന്നു വരുന്നത്. വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതിൻറെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ല. കൂടുതൽ ദൗത്യസംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും. ആനയെ കാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമമാണു നോക്കുന്നതെന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു.
ഇപ്പോൾ പരിഗണന ആനയെ കാട്ടിലേക്കു തിരിച്ചയയ്ക്കാനാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആളപായം ഇല്ലെന്ന് ഉറപ്പാക്കണം. ഉന്നതതല യോഗം ഉടൻ ചേരും. മയക്കുവെടി വയ്ക്കുന്നത് അവസാന ശ്രമമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.