ബെംഗളൂരു: അശ്ലീല വീഡിയോ കേസിൽ കർണാടക ജെഡിഎസ് എംപിയും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്ക് സമൻസ് അയച്ച് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇയാളെ കൂടാതെ പിതാവും ജെഡിഎസ് ഹോലെനാർസിപുര എംഎൽഎയുമായ എച്ച്.ഡി രേവണ്ണയ്ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എച്ച്.ഡി രേവണ്ണയ്ക്കെതിരെയും ലൈംഗിക പരാതികൾ ഉയർന്നിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് രേവണ്ണ. നിലവിൽ ഹാസനിലെ എം.പിയായ പ്രജ്വലും പിതാവും എസ്.പി സീമ ലത്കറിന് മുമ്പാകെ ഹാജരാവണം എന്നാണ് നിർദേശം. അശ്ലീല വീഡിയോ കേസ് വിവാദമാവുകയും ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തതോടെ പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ് ചെയ്തിരുന്നു.കേസിൽ ഇടപെട്ട, ദേശീയ വനിതാ കമ്മീഷൻ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കർണാടക പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. വേഗത്തിൽ നടപടിയെടുക്കണമെന്നും രാജ്യം വിട്ടുപോയ പ്രതിയെ വേഗത്തിൽ പിടികൂടണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ കർണാടക ഡിജിപി അലോക് മോഹന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.