അവയവമാറ്റ ശസ്ത്രക്രിയയിലെ ഇടനിലക്കാരുടെ കള്ളകളികൾ പുറത്ത് വരുന്നു. തൃശൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറോട് എട്ട് ലക്ഷം രൂപ ഇടനിലക്കാരനായി നിന്ന ലിവർ ഫൗണ്ടേഷൻ മുൻഭാരവാഹി തട്ടിയെടുത്തെന്ന് ആരോപണം. വാങ്ങിയ മുഴുവൻ പണവും ഇടനിലക്കാരൻ ദിലീപ് ഖാദി കൈമാറിയിട്ടില്ലെന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ തൃശൂർ സ്വദേശി പറഞ്ഞു.
കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയക്കായി ഓട്ടോ ഡ്രൈവറായ 50 വയസ്സുകാരന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചിലവായത് 25 ലക്ഷം രൂപ. ഇതിന് പുറമെ കരൾ ദാതാവിന് കൈമാറാനായി ദിലീപ് ഖാദി എന്ന വ്യക്തി വഴി 16 ലക്ഷം രൂപയും നൽകി. ജീവൻ നിലനിർത്താൻ ലക്ഷങ്ങളുടെ കടക്കാരനായി മാറി. എന്നാൽ ശസ്ത്രക്രിയക്ക് തൊട്ട് മുൻപ് അവയവ ദാതാവ് തന്നെ വന്ന് കണ്ടപ്പോഴാണ് ആ സത്യമറിയുന്നത്. അയാൾക്ക് കിട്ടിയത് പകുതി മാത്രം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിയാണ് ലിവർ ഫൗണ്ടേഷൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായിരുന്ന ദിലീപ് ഖാദി. വിവരം പുറത്ത് വന്നതോടെ ലിവർ ഫൗണ്ടേഷൻ കേരള ദിലീപ് ഖാദിയെ സംഘടനയിൽ നിന്ന് പുറത്താക്കി. തനിക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും തൃശൂർ സ്വദേശിക്ക് സഹോദരനുമായുള്ള പ്രശ്നങ്ങളാണ് ആരോപണത്തിന് പിന്നില്ലെന്നുമാണ് ദിലീപ് ഖാദിയുടെ പ്രതികരണം.