ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐ. ആറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍.
ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കെജ്‌രിവാള്‍ ഉറക്കത്തില്‍നിന്ന് ഒരിക്കലും ഉണരാതെയാകുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
”ഉറങ്ങുമ്പോൾ കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 ആയി കുറഞ്ഞു, ഇത് ഭയപ്പെടുത്തുന്നതാണ്. ഉറക്കത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം, അങ്ങനെ സംഭവിച്ചാല്‍ ആ വ്യക്തി ഉണരില്ല. കാര്യങ്ങള്‍ സമഗ്രമായി നോക്കിക്കാണേണ്ടതുണ്ട്. മൂന്ന് കോടതി ഉത്തരവുകള്‍ അനുകൂലമായി ഉണ്ട്”- മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു.
ഇതിനകം തന്നെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കെജരിവാളിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐക്ക് യാതൊരു ന്യായീകരണമില്ലെന്നും സിങ്‌വി പറഞ്ഞു. ‘യാതൊരു അടിസ്ഥാനവുമില്ലാത്ത അറസ്റ്റാണ് ഇത്. റദ്ദാക്കപ്പെട്ട ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതുകൊണ്ടാണ് സി.ബി.ഐ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്- അദ്ദേഹം പറഞ്ഞു. സി.ബി.ഐ കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിൻ്റെ രക്തത്തിലെ പഞ്ചസാര അഞ്ച് തവണ 50നും താഴെയായി എന്നും സിങ്‌വി കോടതിയെ അറിയിച്ചു.
മാർച്ച് 21ന് ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം കെജ്‌രിവാളിൻ്റെ ഭാരം 8.5 കിലോയോളം കുറഞ്ഞതായി എ.എ.പി നേതാവ് സഞ്ജയ് സിങ് നേരത്തേ ആരോപിച്ചിരുന്നു. അറസ്റ്റിലാകുമ്പോൾ കെജ്‌രിവാളിൻ്റെ ഭാരം 70 കിലോ ആയിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ഭാരം 61.5 കിലോ ആണെന്നുമായിരുന്നു എ.എ.പി നേതാക്കൾ ആരോപിക്കുന്നത്. കാരണമില്ലാതെ ശരീര ഭാരം ഒറ്റയടിക്ക് കുറയുന്നത് പല രോഗങ്ങളുടെയും ലക്ഷണമാകാമെന്നുമാണ് എഎപി നേതാക്കൾ പറയുന്നത്.